2010, മാർച്ച് 22, തിങ്കളാഴ്‌ച

നൈറ്റ് ആന്റ് ഫോഗ്

ഭൂമിയിലെ നരകങ്ങളായിരുന്നു നാസി കോൺസെന്ട്രേഷൻ ക്യാമ്പുകൾ. പത്തു  വർഷത്തിനു ശേഷം 1955-ൽ ഓഷ് വിറ്റ്സിലേയും മദാക്കിലേയും ക്യാമ്പുകളിൽ ചിത്രീകരിച്ച ഡോക്കുമെന്ററിയാണ് ‘നൈറ്റ് ആന്റ് ഫോഗ്’ .
32 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമയെ പ്രശസ്ത ഫ്രെഞ്ച് സംവിധായകനും നിരൂപകനുമായ ഫ്രാങ്കോസ് ത്രൂഫെ വിശെഷിപ്പിച്ചത്' ഇതുവരെയുണ്ടായതിൽ വച്ചേറ്റവും മഹത്തായ സിനിമ” എന്നാണ്.ഗോയയുടെയും കാഫ്കയുടെയും കലാ-സാഹിത്യ രചനകൾക്കൊപ്പമുള്ള ഔന്ന്യത്യമാണ് ഈ സിനിമയ്ക്ക് പല നിരൂപകരും ഫ്രാൻസിൽ സ്ഥാനം നൽകിയത്. ഹ്രിദയം ചുട്ടുപൊള്ളിക്കുന്ന, മനുഷ്യകുലത്തെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന തത്വചിന്താപരമായ ഒരു മഹാകാവ്യമായി നൈറ്റ് ആന്റ് ഫോഗിനെ ലോകം മുഴുവനും സിനിമാസ്വാദകർ വിലയിരുത്തുന്നു.
ഇത്തരമൊരു സിനിമാ പ്രൊജെക്റ്റുമായി തന്നെ സമീപിച്ച നിർമ്മാതാക്കളെ  അലെൻ റെനെ ആദ്യം പറഞ്ഞുവിട്ടു.നേരിട്ട് അനുഭവിച്ച ഒരാൾക്ക് മത്രമേ ഇത്തരം ഒരു സിനിമ ഒരുക്കാനുള്ള അവകാശവും സത്യസന്ധതയും ഉള്ളു എന്നദ്ദേഹം വിശ്വസിച്ചു. നാസി ക്യാമ്പുകളിലെ മനുഷ്യക്കുരുതിയിൽ നിന്നും രക്ഷപ്പെട്ടു ബാക്കിയായ പ്രശസ്ത കവിയും എഴുത്തുകാരനുമായ ഴാങ് കൈറോളും ,സംഗീത പ്രതിഭ ഹാൻസ് ഐസറും സഹകരിക്കാമെന്ന് ഏറ്റപ്പോഴാണ് റെനെ സിനിമ സംവിധാനം ചെയ്യാൻ   സമ്മതിച്ചത്. അനുഭവത്തിന്റെ തീച്ചൂട് വിതറുന്ന വരികൾ തിരക്കഥയായി കൈറോൾ രചിച്ചു. ഹാ‍ൻസ് ഐസെർ രോഷവും ദൈന്യവും നിറഞ്ഞ സംഗീതം പകർന്നു.
അക്കാലം വരെ ഉണ്ടായിരുന്ന ഡോക്കുമെന്ററി സിനിമാ രീതികളിൽനിന്നും വ്യത്യസ്ഥമായ ഒരു പുത്തൻ അവതരണ രീതിയാണ് അലെൻ റെനെ ഈ സിനിമയിൽ ഉപയോഗിക്കുന്നത്.(ഈ ശൈലി -പിന്നീട് പല സിനിമകൾ ഉപയോഗിച്ചിട്ടുണ്ട്). ഓർമകളും കാലഘട്ടവും മുന്നോട്ടും പിറകോട്ടും പായുന്ന രീതി.കളറും ബ്ലാക്ക് അന്റ് വൈറ്റും മാറി മാറിഉപയോഗിക്കുന്നതും അന്ന് പുതുമയായിരുന്നു.
 ഒരു മ്യൂസിയത്തിലോ മ്രിഗശാലയിലോ കൂടുകൾക്കരികിലൂടെ നമ്മെ നടത്തിക്കൊണ്ട് പോയി ഓരോന്നും വിശദീകരിക്കുന്ന ഗൈഡിന്റെ ശൈലിയിൽ നിന്നും പതുക്കെ ഒരു വിചാരണക്കാരന്റെ സ്വരത്തിലേക്ക് നരേഷൻ മാറുന്നു.”ഇതിനെല്ലം ഉത്തരവാദി ആരാണ്” എന്ന പൊള്ളുന്ന ചോദ്യത്തിലേക്ക് സിനിമ വികസിക്കുന്നു.
പുറമെ ശാന്തവും സുന്ദരവും ആളൊഴിഞ്ഞതുമായ ഉപേക്ഷിക്കപെട്ട കോൺസെന്റ്ട്രേഷൻ ക്യാമ്പുകളുടെ തരിശു നിലങ്ങളിലൂടെയുള്ള ക്യാമറയുടെ ചലനത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.പുറത്ത് ലോകം ഒന്നും സംഭവിക്കാത്തതുപോലെ സജീവമാണ്.എത്ര വേഗമാണ് നാം എല്ലം മറക്കുന്നത്.ഇപ്പോൾ രക്തം വറ്റിയ-ശബ്ദം നിലച്ച ഈ ബ്ലോക്കുകളിലെ സന്ദർശകർ ക്യാമറകൾമാത്രം. കാറ്റു പോലും മൂളാൻ ഭയക്കുന്ന ഈ കമ്പിവേലി വളപ്പിനകത്ത് നമ്മുടെ കാലടി ശബ്ദം മാത്രം.
വർണ ദ്രിശ്യങ്ങൾ പെട്ടന്നാണ് നാസിപ്പടയുടെ മാർച്ചിന്റെ ബ്ലാക് & വൈറ്റ് ഫൂട്ടേജുകളിലേക്ക് മറിയുന്നത്.ഹിറ്റ്ലറുടെ അഭിവാദനം -നാസിസത്തിന്റെ വികാസം - കോൻസെന്ട്രേഷൻ ക്യാമ്പുകളുടെ നിർമ്മാണം. ബ്രസ്സത്സ്സിലും, ആതൻസിലും ,റോമിലും ,പ്രാഗിലും,വാർസയിലും ഉൾല പാവങ്ങൾ അവരവരുടെ ദൈനം ദിന  ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ -ദൂരെ പലയിടങ്ങളിലുമായി അവർക്കായി നരകങ്ങൾ പണിതൊരുങ്ങികൊണ്ടിരിക്കുകയായിരുന്നു.അവിടെ നിന്നൊക്കെ ലക്ഷക്കണക്കിന് ആൾക്കാരെ വാഗണുകളിൽ ആട്ടിത്തെളിച്ച് കൊണ്ടു വരുന്നതിന്റെ പഴയ ഫൂട്ടേജുകൾ-.. വാതിലുകൾ വലിച്ചടച്ച് സീൽ ചെയ്യുന്നു. കുത്തിനിറച്ച വാഗണുകളിലെ ഇരുളിൽ രാത്രിയില്ല പകലില്ല’.വിശപ്പും ദാഹവും ,തണുപ്പും, വിങ്ങലും,ഭ്രാന്തും മാത്രം...
ട്രൈനുകൾ നീങ്ങിപ്പോകുന്ന ഈ ദ്രിശ്യത്തിന് - നറേറ്റർ പറയുന്ന കമന്റ് സിനിമാ  ഭാഷയിലാണ് “മരണം ഫസ്റ്റ് കട്ട്  പറഞ്ഞിരിക്കുന്നു“.അടുത്ത ദ്രിശ്യം പാതി രാത്രിയിൽ  ഏതോ ക്യാമ്പിനരികിൽ വന്നു നിൽക്കുന്ന ട്രൈനാണ്. ഇരുട്ടും മഞ്ഞും നിറഞ്ഞ രാത്രിയിൽ കാവൽ നിൽക്കുന്ന നാസി പട്ടാളക്കാർക്ക് മുന്നിലേക്ക്.
പെട്ടന്ന് ബ്ലാക്ക്&വൈറ്റ് ദ്രിശ്യങ്ങൾ കളറിലേക്ക്.. പാഴ്പുല്ലു വളർന്ന പാളങ്ങളിലൂടെ ക്യാമറ പതുക്കെ ചലിക്കുന്നു. ഈ പാളത്തിനരികിൽ നാം എന്താണ് അന്വേഷിക്കുന്നത്? വാതിൽ തുറന്നപ്പോൾ പുറത്തേക്ക് തെറിച്ചു വീണവരുടെ അവശിഷ്ടങ്ങൾ..? കുരച്ചടുക്കുന്ന നയ്ക്കൾക്കും മഞ്ഞളിപ്പിക്കുന്ന സെർച്ച് ലൈറ്റുകൾക്കും ഇടയിലൂടെ തോക്ക്ചൂണ്ടി ക്യാമ്പിലേക്ക് ഓടിച്ചുകയറ്റിയവരുടെ ഘനീഭവിച്ച നിലവിളിൾ..?ദൂരെ ക്യാമ്പിനുള്ളിലെ പട്ടടയിൽ തീ നാളങ്ങൾ അപ്പഴും ന്രുത്തം ചെയ്യുന്നുണ്ടായിരുന്നു.
ക്യാമ്പിനുള്ളിലെത്തുമ്പോഴുള്ള ആദ്യ കാഴ്ച നൽകുന്ന  അമ്പരപ്പും ഭയവും പകച്ച്പോയ കണ്ണുകളുടെ സമീപദ്രിശ്യം കൊണ്ട് നമ്മെ അനുഭവിപ്പിക്കുന്നു. ക്യാമ്പിനകം മറ്റേതോ ഗ്രഹം പോലെയാണ്. നഗ്നരായി പുഴുക്കളെപ്പോലെ ജനക്കൂട്ടം. ഒന്നം മുറി “കുളിമുറി” എന്നെഴുതിവെച്ചിട്ടുണ്ട്. വ്രുത്തിയാക്കാൻ എന്ന വ്യാജേന എല്ല അഭിമാനങ്ങളേയും ഒറ്റയടിക്ക് ഉടുതുണിയുരിച്ച് അഴിച്ചു മാറ്റുന്നു. പിന്നീട് മൊട്ടയടിച്ച് , ചാപ്പ കുത്തി , നീല വരയൻ ഉടുപ്പണിയിച്ച് നമ്പറുകളായി മാറ്റുന്നു..ഇവരെ ഭരിക്കാൻ പലതരത്തിലുള്ള ഉദ്യോഗസ്ഥന്മാർ നിരവധി.
ക്യാമ്പിന്റെ ഇപ്പോഴുള്ള അവശിഷ്ടങ്ങളിലൂടെ ക്യാമറ കാഴ്ച്ചകൾ കണ്ട് നടന്ന് നീങ്ങുന്നു. അന്തേവാസികൾ കൊടും തണുപ്പിൽ ജീവിച്ചു തീർത്ത മരത്തിന്റെ ബാരക്കുകൾ, നറേറ്റർ ഒരു ഘട്ടത്തിൽ പറയുന്നുണ്ട് -”ഒരു വിവരണത്തിനും, ഒരു ദ്രിശ്യത്തിനും അവരുടെ യഥാർത്ഥ ദുരിതം പകർത്തിക്കാണിക്കാനാവില്ല” എന്ന്.
ഒരു കയിൽ സൂപ്പിൽ ഒതുക്കേണ്ട അനന്തമായ വിശപ്പ്.. എന്നിട്ടും രാത്രിയിൽ എട്ടും പത്തും തവണ വന്നിരിക്കുന്ന കക്കൂസ് കുഴികൾ. വയറിൽ നിന്നും പോകുന്ന രക്തം മരണത്തിന്റെ അടയാളമാണെന്നവർക്കറിയാം. ക്യാമ്പിൽ പേരിന് ആസുപത്രിയുണ്ട്. എല്ലാ രോഗത്തിനും ഒരേ  മരുന്ന്.. വിശപ്പ് സഹിക്കാനാകാതെ മുറിവ് വച്ചുകെട്ടിയ ബാൻഡേജുകൾ തിന്നുന്നവർ.. മരിക്കാൻ കൊതിച്ച് കാത്തു കിടക്കുന്നവർ.. തുറിച്ച കന്നുകളുമായി അവർ ലോകം വിടുന്നു. സർജറി ബ്ലോക്കിൽ പച്ച മനുഷ്യനിൽ പരീക്ഷണങ്ങൾ..രാസവ്യവസായശാലകളുടെ സാമ്പിളുകളുടെ വിഷരൂക്ഷത പരീക്ഷിക്കാൻ മനുഷ്യ ഗിനിപ്പന്നികൾ.
ഗ്യാസ് ചേമ്പറുകൾ - ഷവറുകളിലൂടെ അടച്ചുപൂട്ടിയ മുറികളിലേക്ക് വിഷ വാതകം പമ്പു ചെയ്യുന്നു. മരണ വെപ്രാളത്തിൽ നൂറുകണക്കിനു ആൾക്കാർ കോങ്ക്രീറ്റ് സീലിങ്ങുകൾ മാന്തിപ്പൊളിച്ച  അടയാളങ്ങൾ
സ്ത്രീകളുടെ ഷേവ് ചെയ്ത് മറ്റിയ മുടി കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു.അവകൊണ്ട് നിർമ്മിച്ച കമ്പിളിത്തുണിത്തരങ്ങൾ റോളുകളായി അടുക്കിവച്ചിരിക്കുന്നു. മനുഷ്യന്റെ കൊഴുപ്പ് കൊണ്ട് നിർമിച്ച സോപ്പുകൾ, ഫർണസ്സുകളിലെ മനുഷ്യന്റെ എല്ലുപൊടി വളമായുപയോഗിക്കുന്ന കാബേജു തോട്ടങ്ങൾ.മനുഷ്യന്റെ തുകലിൽ ചിത്രപ്പണി ചെയ്ത കൌതുക വസ്തുക്കൾ...മനുഷ്യന്രുശംസത ഇത്രത്തോളമോ എന്ന് നാം അമ്പരക്കും.
ബോറടി മാറാൻ തടവുകാരെ വെടിവെച്ചിട്ടു കൊന്നു രസിക്കുന്ന കാവൽ പട്ടാളത്തേക്കുറിച്ചുള്ള പ്രസ്താവനയിൽ നാം സ്തംഭിച്ചു പോകുന്നു.
അവസാനം തോൽവിയാൽ നാസികൾ ഉപേക്ഷിച്ചുപോയ ക്യാമ്പുകളിൽ സഖ്യസേന കണ്ട ദ്രിശ്യങ്ങൾ... അവ ഭൂമിയിൽ ചിത്രീകരിക്കപ്പെട്ടതിൽ ഏറ്റവും ദൈന്യമായ ചിത്രങ്ങൾതന്നെ..ബുൾഡോസറുകൾ കൊണ്ട് ഉന്തി നീക്കി കുഴിയിലിട്ടുമൂടുന്ന ആയിരക്കണക്കിന് മനുഷ്യ ശരീരങ്ങൾ.
ഹ്രിദയത്തിലേക്ക് ചാട്ടുളി പോലെ തറച്ചു കയറുന്നതാണ് മൈക്കേൽ ബൊക്കേയുടെ നറേഷൻ. ചടുലമല്ലത്ത ട്രോളി ചലനങ്ങളാണ് ക്യാമറ പൂർണ്ണമായും ഉപയോഗിക്കുന്നത്,ദൈന്യവും രോഷവും ഭയവും നിറഞ്ഞ സിനിമയുടെ ഭാവം ഈ ചലനത്തിലൂടെ ക്യാമറ സംവേദനം ചെയ്യുന്നുണ്ട്. കാലത്തിലൂടെ മുന്നോട്ടും പിറകോട്ടും സഞ്ചരിക്കുന്ന രീതി അലെൻ റെനെ ഈ സിനിമയിലെന്ന പോലെ തന്റെ മാസ്റ്റെർപീസായ “ഹിരോഷിമ മോൺ അമർ“ എന്ന സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.
സിനിമയുടെ അവസാനത്തിൽ നുക്സംബെർഗ് വിചാരണയിൽ ഒരോരുത്തരും “ഞങ്ങളല്ല ഉത്തരവാദിയെന്നു” പറയുന്നുണ്ട്. അലെൻ റെനെ ചോദിക്കുന്നു “പിന്നെ ആരാണു ഉത്തരവാദി”
തൊണ്ണൂറു ലക്ഷം മനുഷ്യരുടെ കുരുതി കഴിഞ്ഞിട്ട് നാമെത്ര വേഗമാണ് എല്ലാം മറക്കുന്നത്. ഇപ്പോഴും സമാനമായ മനുഷ്യക്കുരുതികൾക്കായ് നിലമൊരുക്കൽ പലയിടങ്ങളിലും നടക്കുന്നുണ്ടെന്ന ജാഗ്രതാ മുന്നറിയിപ്പോടെയാണ് “നൈറ്റ് ആന്റ് ഫോഗ് “ അവസാനിക്കുന്നത്.

4 അഭിപ്രായങ്ങൾ:

sm sadique പറഞ്ഞു...

വിജ്ഞാനപ്രദം ഈ ബ്ലോഗ്‌ .വായിക്കാന്‍ മനസ്സിലാക്കാന്‍ വീണ്ടും വരും .

shajikumar പറഞ്ഞു...

എന്നെയും മരുമകന്‍ വാസുവിനേയും ഒരു പോലെ ഇരുത്തിപ്പിച്ച സിനിമ..
നന്നായി....

ShajiKumar P V പറഞ്ഞു...

comment mari poyi..
plz delete second one...

sasi പറഞ്ഞു...

data collection or collection of information for project preperation it nay be useful if you add more war based films and discusions it is very comphrehensive
thank you