2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

അനാഥ ബാല്യങ്ങളും വഴിയറിയാത്ത കൌമാരവും

2009 ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടന്ന പതിനാലാം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രദർശ്ശിപ്പിക്കപ്പെട്ട ചില ചലചിത്രങ്ങളെ മുൻ നിർത്തിയുള്ള ആലോചനകളാണ് ഈ ലക്കം ക്ലോസ്സപ്പിൽ. ബാല്യവും കൌമാരവും പ്രധാന വിഷയമായി വന്ന നിരവധി സിനിമകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി എത്തിയത്. അവയിൽ പലതും മികച്ച ചലചിത്ര കാവ്യങ്ങൾ തന്നെയായിരുന്നു.


തിരുവനന്തപുരത്ത് എല്ലാ വർഷവും നടക്കാറുള്ള ചലചിത്രോത്സവം അതിന്റെ പങ്കാളിത്തം കൊണ്ടും തെരഞ്ഞെടുക്കുന്ന ചലചിത്രങ്ങളുടെ നിലവാരം കൊണ്ടും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു..ലോകത്തിലെ പല വിഖ്യാത സംവിധായകരും അവരുടെ സിനിമകൾ ഈ മേളയിലേക്ക് അയക്കുന്നുണ്ട്.ലോകത്തിലെ ഓരൊ ഭാഗത്തുമുള്ള കുട്ടികളുടെ ജീവിതം ഏതെല്ലാമോതലങ്ങളിൽ ഈ സിനിമകൾ നമ്മെ അനുഭവിപ്പിക്കും.

എ സ്റ്റെപ് ഇൻ റ്റു ദ ഡർക്ക്നെസ്സ്

അറ്റിൽ ഇനാക് സംവിധാനം ചെയ്ത ടർക്കി സിനിമയായ ‘എ സ്റ്റെപ് ഇന്റു ദ ദർക്നെസ്സ്‘ ആയിരുന്നു ഉദ്ഘാടന ചിത്രം.വടക്കൻ ഇറഖിലെ വിദൂര ഗ്രാമത്തിൽ ഒരു രാത്രി അമേരിക്കൻ പട്ടാളം റൈഡ് നടത്തുന്നു. സകലരേയും വെടിവെച്ച് കൊല്ലുന്നു. സെന്നെറ്റ് എന്ന തുർക്ക്മെൻ പെൺകുട്ടി മാത്രം ബാക്കിയാവുന്നു. അവൾക്കിനി ഈ ഭൂമിയിൽ  ബന്ധുവായി ബാക്കിയുള്ളത് സഹോദരൻ മാത്രം. അവൻ കച്ചവടത്തിനായി കിർക്കുക്കിലാണുള്ളത്.അവനെ തേടി അവൾ യാത്ര ആരംഭിക്കുന്നു.ദുരിതപൂർണ്ണമായ യാത്രക്കൊടുവിൽ കിർക്കുക്കിലെത്തിയ അവൾ ബോംബാക്രമണത്തിൽ സാരമായി പരിക്കേറ്റ സഹോദരനെ തുർക്കിയിലെവിടെയോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരമറിയുന്നു.അതിർത്തി കടക്കാൻ കള്ളക്കടത്തുകാർക്കൊപ്പം ശ്രമിക്കുന്ന അവളെ അവരിലൊരാൾ ബലാത്സംഗം ചെയ്യുന്നു. ജീവിതമവസാനിപ്പിക്കാൻ ശ്രമിക്കുന്ന സെന്നെറ്റിനെ  മത തീവ്രവാദികളായ രണ്ട് ചെറുപ്പക്കാർ  രക്ഷപ്പെടുത്തി  ഗൂഢോദ്വേശത്തോടെ   തുർക്കിയിൽ എത്തിക്കുന്നു.അവളുടെ സഹോദരൻ മരിച്ചുപോയെന്നു വിശ്വസിപ്പിച്ച്-(യഥാർത്ഥത്തിൽ അയാൾ ആശുപത്രിയിൽ സുഖം പ്രാപിക്കുകയായിരുന്നു) ചാവേറാകാനുള്ള മാനസികാവസ്ഥയിലേക്കവളെ മാറ്റുന്നു.ശരീരത്തിൽ ബോംബ് കെട്ടിവെച്ച് ചാവേറായി അമേരിക്കൻ കോൺസുലേറ്റിലേക്ക് നടക്കുന്ന അവൾക്ക് അവസാനം മാനസാന്തരമുണ്ടാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. യുദ്ധങ്ങളുടെ ഇരയും ഉപകരണവും കുട്ടികളാവുന്നതിന്റെ ഒരു നേർ ചിത്രം ഈ സിനിമ നമ്മെ കാട്ടിത്തരുന്നു.




ജെർമൽ

രവി ബർവാനി സംവിധാനം ചെയ്ത ജെർമൽ എന്ന ഇന്തോനേഷ്യൻ സിനിമയിലെ പ്രധാന കഥാപാത്രം ജയ എന്ന പന്ത്രണ്ടുവയസ്സുകാരനാണ്.അമ്മയുടെ മരണശേഷം ആരുമില്ലാതായ അവൻ അച്ഛനെത്തേടിപ്പോകുകയാണ്.അച്ഛൻ ജോഹർ നടുക്കടലിൽ മീൻപ്പിടുത്തത്തിനായി മരത്തടികൾക്ക് മുകളിൽ ഉയർത്തി നിർത്തിയ ഫിഷിങ് പ്ലാറ്റ്ഫോമി(ജെർമൽ)ന്റെ മേൽനോട്ടക്കാരനാണ്.തന്റെ ഇരുണ്ട ഭൂതകാലം വെളിവാകുമെന്ന ഭയത്താൽ ജോഹർ ജയയെ മകനായി അംഗീകരിക്കുന്നില്ല.മീൻപ്പിടുത്തക്കാർക്കൊപ്പം കഠിനമായ ജോലിയിലേർപ്പ്ടുന്ന ജയ അവരുടെ അവഹേളനങ്ങൾക്കും വിധേയനാകുന്നുണ്ട്. ഒടുവിൽ ഭൂതകാലം പരസ്പരം അവഗണിക്കാനാകാത്തവിധം എത്ര ദ്യഢമായി തങ്ങളെ ഇരുവരേയും ബന്ധിപ്പിച്ചിരിക്കുന്നു എന്നവർ തിരിച്ചറിയുന്നു.


മൈ സീക്രട്ട് സ്കൈ
മഡോണ നികായി യാന സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ സിനിമയായ മൈ സീക്രട്ട് സ്കൈയും അനാഥരായ രണ്ട് കുട്ടികളെക്കുറിച്ചാണ്.അമ്മ മരിച്ചുപോയതോടെ പത്തു വയസ്സുകാരി തെംബിയും എട്ടുവയസ്സുകാരൻ അനുജൻ ക്വസിയും ഗ്രാമത്തിലെ കുടിലിൽ തനിച്ചാകുന്നു..ചിത്രപ്പണികളുള്ള പുല്ലുപായകൾ മെടയുന്നതിൽ മിടുക്കിയായിരുന്നു അവരുടെ അമ്മ.അവർ നെയ്ത ആകശവും നക്ഷത്രങ്ങളുമുള്ള മനോഹരമായ ഒരു പായ മാത്രമേ ആ വീട്ടിൽ അവശേഷിച്ചിരുന്നുള്ളു. ഒരിക്കലൊരു വെള്ളക്കാരൻ പാതിരി നഗരത്തിലെ കരകൌശല പ്രദർശന സ്ഥലത്തെത്തിച്ചാൽ അതിന് നല്ല വില കിട്ടുമെന്ന് പറഞ്ഞിരുന്നു. ആയാളുടെ വിലാസം അവളുടെ കൈയിലുണ്ട്.ആകെയുള്ള സമ്പാധ്യമായ പുല്ലുപായയും കൊണ്ട് കുട്ടികളിരുവരും നടന്നും കള്ളവണ്ടികയറിയും നഗരത്തിലെത്തുന്നു. നിഷ്കളങ്കരായ അവർ ചെന്നെത്തിയത് പട്ടണത്തിലെ തെമ്മാടിക്കുട്ടികളുടെ സംഘത്തിൽ.അവരെല്ലം അനാഥരാണ്.സംഘത്തലവനായ പന്ത്രണ്ട് വയസ്സുകാരൻ ചില്ലിബൈറ്റ് പാതിരിയെ കാണിച്ചുതരാമെന്നു പറഞ്ഞ് കുട്ടികളെ പറഞ്ഞുവിടുന്നത് ഒരു വ്യഭിചാര കേന്ദ്രത്തിലേക്കാണ്.കുട്ടികൾ എങ്ങനെയെല്ലാമോ അവിടെ നിന്നും രക്ഷപെടുന്നു. നഗരം മടുത്ത ക്വസി ആ പുല്ലുപായയാണ് എല്ലാത്തിനും കാരണമെന്നു പറഞ്ഞ് അത് തീയിലിടുന്നു.അപ്പോഴേക്കും റ് തെംബി പാതിരിയെ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. പായ നഷ്ടപ്പെട്ടെങ്കിലും തെംബി തെരുവിലെ ചവറുകൾക്കിടയിലെ വർണക്കടലാസ്സുകൾ കൊണ്ട് കൌതുക വസ്തുക്കൾ ഉണ്ടാക്കിവിറ്റ് പണം നേടി,കടൽ കണ്ട്, ഒരു പ്ലാസ്റ്റിക് കുടത്തിൽ കടൽ വെള്ളവും തലയിൽ ചുമന്ന് ഗ്രാമത്തിലേക്ക് തിരിച്ചുനടക്കുന്നു.

മസാഞ്ചെലസ്

1966 ൽ ഉറുഗ്വെയിൽ നടക്കുന്ന കഥയാണ് മസാഞ്ചെലസ് , ബിയാട്രിസ് ഫ്ലോർസ് സിൽ വ സംവിധാനം ചെയ്ത ഈ സിനിമ മസാഞ്ചെലസ് എന്ന ഏഴു വയസ്സുകാരിയുടെ കഥയണ്.ഉറുഗ്വെൻ രാഷ്ട്രീയവും ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.ഒറീലിയൊ സാവേദ്ര അവിടത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ്.ഇലക്ഷൻ വിജയത്തെ തുടർന്ന് നടക്കുന്ന ഒരു ടെലിവിഷൻ അഭിമുഖത്തിൽ തന്റെ ഭാര്യയെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങൾ കേട്ട് അദ്ദേഹത്തിന്റെ രഹസ്യഭാര്യ അത്മഹത്യ ചെയ്യുന്നു.അവരുടെ മകളാണ് മസാഞ്ചെലസ്.സാവെദ്ര മകളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നു.ഭാര്യയും മകനും അടക്കം നിരവധി പേർ താമസിക്കുന്ന വലിയൊരു വീടാണത്. മസാഞ്ചെലസ് അവിടവുമായി പൊരുത്തപ്പെടാൻ വളരെ വിഷമിക്കുന്നു. പതുക്കെ തന്റെ അർധസഹോദരനായ സാന്റിയാഗോയുമായി അവൾ അടുപ്പത്തിലാകുന്നു.ഉറുഗ്വെയിലെ മന്ത്രിയാണിപ്പോൾ സവേദ്ര.പക്ഷെ മകൻ അവറുടെ നയങ്ങളോട് വിയോജിപ്പുള്ളയാളാണ്.അയാൾ ഗവർമ്മെന്റിനെതിരെ പൊരുതുന്ന ഗറില്ലകൾക്കൊപ്പമാണ്. വീടിന്റെ രഹസ്യ ഭാഗം അവർ ഒളിവിടമായി ഉപയോഗിക്കുന്നുണ്ട്. പതിമൂന്നുകാരിയായ മസാഞ്ചെലസിൻ ഈ രഹസ്യമറിയാം.സാന്റിയാഗോയിൽ നിന്നും ഗർഭിണിയായ അവൾ പട്ടാള ആക്രമണ സമയത്ത് ആ കെട്ടിടത്തിൽ കുടുങ്ങിപ്പോവുന്നു.
എ ഫ്ലൈ ഇൻ ദ ആഷസ്
ദാരിദ്രത്തിൽ നിന്നും കരകയറാനായി അർജെന്റീനയിലെ വടക്കു കിഴക്കൻ പ്രദേശത്തിലെ ഗ്രാമത്തിൽ നിന്നും ജോലിതേടി ബ്യൂണസ് അയേഴ്സിലേക്ക് ഒരു ദല്ലാൾക്കൊപ്പം യാത്ര പുറപ്പെടുകയാണ് സുഹ്രുത്തുക്കളായ നാൻസിയും പാറ്റോയും.ഈ കൌമാരക്കാരുടെ കഥയാണ് ഗാബ്രിയേല ഡേവിസ് സംവിധാനം ചെയ്ത എ ഫ്ലൈ ഇൻ ദ ആഷസ് .ഇവർ ചെന്നെത്തുന്നത് പെൺ വാണിഭ സംഘത്തിലും. മുതിർന്നവളായ നാൻസി പക്ഷെ കുട്ടിക്കളി മാറത്തവളും പാറ്റോയെ പിരിഞ്ഞിരിക്കാന്നാവാത്തവിധം അടുപ്പം സൂക്ഷിക്കുന്നവളുമാണ്. സാഹചര്യങ്ങളോടിണങ്ങി വേശ്യാവ്യത്തിക്ക്  അവൾ സമ്മതിക്കുന്നു.ഇടപാടുകാരിലാരെങ്കിലും തങ്ങളെ സഹായിക്കുമെന്നാണവളുടെ വിശ്വാസം.പാറ്റോ പൊരുതിനിൽക്കുന്നു. എല്ലാ പീഢനങ്ങളും സഹിച്ച്....പാറ്റോയെ കൊന്നുകളയാനാണ് സംഘത്തിന്റെ തീരുമാനമെന്നറിഞ്ഞ നാൻസി അവിടെ നിന്ന് രക്ഷപ്പെട്ട് പോലീസിൽ വിവരമറിയിക്കുന്നു.



ട്രൂ നൂൺ

സംവിധാനത്തിനുള്ള രജത ചകോരവും പ്രേക്ഷക അവാർഡും നേടിയ ട്രൂ നൂൺ എന്ന താജിക്കിസ്ഥാൻ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നോസിർ സൈദോവാണ് .അതിർത്തി ഗ്രാമത്തിലെ സുന്ദരിയായ പെൺകുട്ടിയാണ് നിലൂഫർ. അവിടത്തെ കുന്നിൻ മുകളിൽ പഴയ സോവിയറ്റ് റിപ്പബ്ലിക് കാലത്തേ സ്ഥാപിച്ചിരുന്ന കാലാവസ്ഥാകേന്ദ്രത്തിലെ മേൽനോട്ടക്കാരനാണ് റഷ്യക്കാരൻ വ്രുദ്ധന്റെ സഹായിയാണവൾ. അവൾ  കാലാവസ്ഥ ഉപകരണങ്ങൾ ഉപയോഗിക്കാനും,വിവരങ്ങൾ രേഖപ്പെടുത്താനും  സ്വയം പഠിച്ചെടുത്തിരുന്നു.ചാർജ്ജ് കൈമാറാൻ പകരക്കാരൻ വരാത്തതിനാൽ റഷ്യയിലെ കുടുംബത്തെ പിരിഞ്ഞ് എത്രയോ വർഷമായി കുടുങ്ങിപ്പൊയിരിക്കുകയാണ് വ്യദ്ധൻ. തപാലും നിലച്ചിട്ട് മാസങ്ങളേറെയായി.വയർലെസ്സ് സെറ്റിലാണെങ്കിൽ മറുപടിയൊന്നുമില്ല.നിലൂഫറിനെ ചാർജ്ജ് ഏൽ‌പ്പിച്ച് സ്ഥലം വിടാനുള്ള ഒരുക്കത്തിലാണയാൾ. അവളുടെ വിവാഹം കഴിയുന്നതുവരെ മാത്രം അവിടെ തങ്ങാനണ് തീരുമാനം.തൊട്ടടുത്ത ഗ്രാമത്തിലെ അസീസുമായുള്ള അവളുടെ വിവാഹ നിശ്ചയദിവസം -പെടുന്നനെ പുതിയ ഏതോ ഉടമ്പടി പ്രകാരം അതിർത്തി പുനർനിർണ്ണയിച്ച് - ഗ്രാമങ്ങൾക്ക് നടുവിലൂടെ പട്ടാളം മുള്ളുകമ്പിവേലി പണിതു. അക്കാലമത്രയും ഒന്നിച്ചു ജീവിച്ചവർ രണ്ട് രാജ്യങ്ങളിലായി..കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവും കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കുന്ന ഒരു സീനുണ്ട് ഈ സിനിമയിൽ.വധുവും വരനും അപ്പുറവും ഇപ്പുറവും...മൈനുകൾ പാകിയ അതിർത്തി മുറിച്ചു കടന്ന് ആ പ്രണയിനികൾക്ക് ഒത്തുചേരാൻ വഴിയൊരുക്കുന്നത് റഷ്യൻ വ്രിദ്ധനാണ്.അതിനയാൾക്ക് സ്വന്തം ജീവൻ പകരം നൽകേണ്ടിവന്നു.

മത്സരവിഭാഗത്തിലെന്നപോലെ ലോകസിനിമാ വിഭാഗത്തിലും കുട്ടികളും അവരുടെ പ്രശ്നങ്ങളും ചർച്ചചെയ്യുന്ന നിരവധി സിനിമകൾ പ്രദർശ്ശിപ്പിക്കുകയുണ്ടായി.



ദ അദർ ബാങ്ക്
പ്രേക്ഷക ശ്രദ്ധ നേടിയ ദ അദർ ബാങ്ക് എന്ന ഖസാക്കിസ്ഥാൻ സിനിമ അച്ഛനും അമ്മയും ഉണ്ടായിട്ടും അനാഥനായിപ്പോയ ടെഡൊ എന്ന പന്ത്രണ്ടുകാരന്റെ കഥയാണ്.അബ്ഖാസിയൻ അഭയാർത്ഥിയായ ടെഡൊ അമ്മയോടൊപ്പം ദുരിത ജീവിതത്തിലാണ്.വർക്ക്ഷോപ്പിൽ സഹായിആയി ജോലി ചെയ്തു കിട്ടുന്ന പണം അവൻ അമ്മയെ ഏൽ‌പ്പിക്കുന്നുണ്ട്.പക്ഷെ അവർ വേശ്യാവ്രുത്തിയിലേക്കു തിരിഞ്ഞെന്നു മനസ്സിലാക്കിയ അവൻ തന്റെ അച്ഛനെത്തേടി അതിർത്തി കടന്ന് യാത്ര ചെയ്യുകയാണ്. വംശവൈരവും പകയും പുകയുന്ന പ്രദേശങ്ങളിലൂടെയുള്ള യത്രയിൽ അവൻ നേരിടുന്നത് നിരവധി അനുഭവങ്ങളാണ്.അവസാനം അവൻ തകർന്നടിഞ്ഞ തന്റെ ഗ്രാമത്തിലെത്തുന്നു.പക്ഷെ അവന്റെ അച്ഛൻ വേറെ വിവാഹം കഴിച്ച് എങ്ങോ പോയെന്ന വിവരമാണവനറിയുന്നത്. മഞ്ഞുപുതഞ്ഞുകിടക്കുന്ന പെരുവഴിയിലേക്കിറങ്ങി നടക്കുന്ന കുഞ്ഞു ടെഡൊയിൽ സിനിമ അവസാനിക്കുന്നു.


ട്രീലെസ്സ് മൌണ്ടൈൻ
ട്രീലെസ്സ് മൌണ്ടൈൻ എന്ന ദക്ഷിണ കൊറിയൻ സിനിമയുടെ പ്രമേയവും ഇത്തരമൊന്നാണ്.സ്യോളിലെ ഇടുങ്ങിയ ഒരു മുറുയിൽ തന്റെ രണ്ട് പെൺകുട്ടികളുമായി ജീവ്ല്ക്കാൻ കഷ്ടപ്പെടുകയാണ് ഒരു യുവതി.കുട്ടികളെ മദ്യപാനിയായ അമ്മായിയുടെ അരികിൽ ഏൽ‌പ്പിച്ച് കുട്ടികളുടെ അച്ഛനെത്തേടി പോവുകയാണവർ. ഒരു കാശുകുടുക്ക  കുട്ടികളെ ഏൽ‌പ്പിച്ചിട്ടുണ്ട്. അനുസരണയോടെ നിന്നാൽ അമ്മായി  തരുന്ന നാണയങ്ങളതിലിട്ട് അത് നിറയുമ്പോഴേക്കും അമ്മ തിരിച്ചെത്തുമെന്ന് കുട്ടികളെ  ആശ്വസിപ്പിച്ചാണവർ പോയത്,.ആറു വയസ്സുകാരി  ജിന്നിന്റെയും കുഞ്ഞനുജത്തി ബിന്നിന്റെയും ജീവിതം അവിടെ നരകം തന്നെയായിരുന്നു.പട്ടിണിമാറ്റാൻ പച്ചത്തുള്ളനെ ചുട്ടുതിന്നും വിറ്റും ജീവിക്കുകയാണ്കുട്ടികൾ. അമ്മ തിരിച്ചുവരില്ലെന്നറിഞ്ഞ അമ്മായി കുട്ടികളെ ഗ്രാമത്തിലെ മുത്തച്ഛന്റെയും മുത്തശ്ശിക്കും ഒപ്പം കൊണ്ടുവിടുന്നു.കാശുകുടുക്ക നിറഞ്ഞാലും അമ്മ തിരിച്ചുവരില്ലെന്നു കുട്ടികൾ മനസ്സിലാക്കുന്നു.
























കാതലിൻ വർഗ
കാതലിൻ വർഗ എന്ന റൊമാനിയൻ സിനിമയിൽ കാതലിൻ എന്ന യുവതി മകൻ ഓർബനോടൊപ്പം കാർപാത്യൻ മലമ്പാതകളിലൂടെ കുതിരവണ്ടിയിൽ യത്രയാവുകയാണ്. ഓർബൻ തന്റെ മകനല്ലെന്ന് അറിഞ്ഞ ഭർത്താവ് അവളെ ഉപേക്ഷിച്ചിരിക്കുകയാണ്.കുട്ടിയുടെ അച്ഛനെ ത്തേടി പ്രതികാരത്തിനുള്ള യാത്രയിലാണവൾ.വർഷങ്ങൾക്ക് മുമ്പ് ഒരു  കൂട്ട ബലാത്സംഗത്തിലായിരുന്നു അവൾ ഗർഭിണിയായത്.അവരിലൊരാളെ കണ്ടെത്തി കൊല്ലുന്നു.കുട്ടിയുടെ അച്ഛനേയും ഒരു ഗ്രാമത്തിൽ അവൾ കണ്ടെത്തുന്നു.അയാൾക്കവളെ മനസ്സിലാകുന്നില്ല.കുഞ്ഞുങ്ങളില്ലാത്ത അയാൾ ഓർബനെ ഓമനിക്കുന്നുണ്ട്.




നതിങ് പേർസൊണൽ
അയർലാന്റിൽ നിന്നുള്ള  സിനിമയായ നതിങ് പെർസൊണൽ സ്വയം തിരഞ്ഞെടുത്ത നാടോടി ജീവിതം നയിക്കുന്ന നിഷേധിയായ ഡച്ച് പെൺകുട്ടിയുടെ കഥയാണ്. അവളുടെ ഭ്രാന്തമായ യാത്രയിൽ  ഏകാന്തജീവിതം നയിക്കുന്ന ഒരു മധ്യവയസ്കനെ പരിചയപ്പെടുകയും കാര്യങ്ങൾ പരസ്പരം അറിയാൻ ശ്രമിക്കാതെ ഒന്നിച്ച് ജീവിക്കുകയും ചെയ്യുന്നു




ലോകം എന്ത് ചിന്തിക്കുന്നു എന്നതിന്റെ കണ്ണാടിയാണ് സിനിമകൾ.കുട്ടികളും അവരുടെ ദുരിതവും കൂടുതൽ  ഗൌരവതരമായ ചർച്ചകളിലേക്ക് ഇടം നേടുന്നുവെന്നതിന് സിനിമകൾ കാരണമാകുന്നത് നല്ലത് തന്നെ. അനാഥത്വത്തിന്റെയും ദുരിതങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യകാരണങ്ങളിലേക്ക് നമ്മുടെ ചിന്തകളെ ഈ സിനിമകളിലെ കണ്ണീരിന്റെ നനവ് നയിക്കുമെന്നാശിക്കം.
                                                                            ശാസ്ത്രകേരളം മാസിക ,ലക്കം 471 ,ജനുവരി 2010

അഭിപ്രായങ്ങളൊന്നുമില്ല: