2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ലിറ്റിൽ റെഡ് ഫ്ലവേർസ്

2006/ചൈന/കളര്‍/92 മിനിറ്റ്/സംവിധാനം; ഷാങ് യുവാന്‍
                നാലുവയസ്സ് മാത്രം പ്രായമായ ഫങ് ക്വിയാംക്യാങിനെ അവന്റെ അച്ഛന്‍ കൈ പിടിച്ച് നടത്തിക്കൊണ്ടുവരുന്നിടത്താണ് “ലിറ്റില്‍ റെഡ് ഫ്ലവേര്‍സ്” എന്ന ചൈനീസ് സിനിമ ആരംഭിക്കുന്നത്.മധ്യവര്‍ഗ്ഗകുട്ടികള്‍ താമസിച്ച്പഠിക്കുന്ന പാരമ്പര്യവും ആഡ്ഡ്യത്യവുമുള്ള  ഒരു റസിഡന്‍ഷ്യല്‍ കിന്റെര്‍ ഗാര്‍ട്ടണില്‍ അവനെ ചേര്‍ക്കാനാണ് അച്ഛന്‍ കൊണ്ടുവരുന്നത്.1950ലെ വിപ്ലവാനന്തര ബീജിംങാണു സ്ഥലം.മഞ്ഞുപുതഞ്ഞ വഴികളിലൂടെ നടന്നുവരുന്ന അവര്‍-വലിയ കല്‍‌പ്പടവുകളിലെത്തിയപ്പോള്‍ കുഞ്ഞ് ക്വിയാങിനെ എടുത്തുനടക്കുകയാണ് അച്ഛന്‍.അവന്‍ പ്രതിഷേധിക്കുന്നുണ്ട്.അച്ഛന്‍ അവനെ അവിടെ ചേര്‍ത്ത്(ഉപേക്ഷിച്ച്..)പോയതോടെ പുതിയ ലോകവുമായി ഇണങ്ങാനും ഒത്തുപോകാനും ക്വിയാങ് നടത്തുന്ന ശ്രമങ്ങളാണ് മനോഹരമായ ഈ സിനിമ.
       പ്രശസ്ത ചൈനീസ് എഴുത്തുകാരനായ വാംങ് ഷുവോയുടെ ആത്മകഥാപരമായ ‘മനോഹരമാകാമായിരുന്നു’ എന്ന നോവലിനെ അവലംബിച്ച് 2006ല്‍ പുറത്തിറങ്ങിയ 92 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ പൂര്‍ണ്ണമായും ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
     കുറേയേറെ ചിട്ടവട്ടങ്ങളുള്ള സ്കൂളാണത്.കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാനും,സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കാനും ടീച്ചര്‍മാര്‍ ശ്രമിക്കുന്നുണ്ട്.പഴയ കോട്ടപോലെതോന്നിക്കുന്ന ആ കെട്ടിടത്തില്‍ അച്ചടക്കത്തിനും അനുസരണക്കും വലിയ പ്രാധാന്യമാണ്.അത്തരത്തിലുള്ള കുട്ടികളെ പ്രചോദിപ്പിക്കാനായി ഒരോ ദിവസവും അവരുടെ “നല്ല ശീലങ്ങള്‍” മാര്‍ക്ക് ചെയ്ത്  അവര്‍ക്ക് ഒരോ “കുഞ്ഞ് ചുവന്ന വെല്‍ വെറ്റ് പൂക്കള്‍“ സമ്മാനമായി നല്‍കും. അത് ക്ലാസ്സിലെ സ്കോര്‍ബോര്‍ഡില്‍ കുട്ടികളുടെ പേരിനു നേരെ ഒട്ടിച്ചു വെക്കും.സ്കോര്‍ ബോര്‍ഡില്‍ ചുവന്ന പൂക്കള്‍ കൂടുന്നതിനനുസരിച്ച് അവരെ ക്ലാസ്സ് ലീഡറാക്കും.രാവിലെ ക്രിത്യ സമയത്ത് കക്കൂസില്‍ പോവുക, ഉടുപ്പ് സ്വയം ധരിക്കുക,കൂട്ടം തെറ്റാതെ വരിയായി നടക്കുക,കൂട്ടുകാരുമായി അടികൂടാതിരിക്കുക ,തുടങ്ങിയവയൊക്കെയാണ് നല്ല ശീലങ്ങള്‍. ക്വിയാങിന് ഇതൊന്നും അറിയില്ല.അതുകൊണ്ടുതന്നെ അവന് ഒരിക്കലും ചുവന്ന പൂക്കള്‍ സമ്മാനമായി ലഭിക്കുന്നില്ല.രാത്രിയില്‍  വാതില്‍ തുറന്ന് പുറത്തിറങ്ങി മുറ്റത്തെ പൊടി മഞ്ഞിലേക്ക് മൂത്രമൊഴിക്കുന്നത് അവന്‍ സ്വപ്നം കാണും.രാവിലെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് ടീച്ചറില്‍ നിന്നും  വഴക്ക് കേള്‍ക്കുകയും ചെയ്യും. ചുവന്ന പൂക്കള്‍ കിട്ടണമെന്ന് ക്വിയാങിന് കൊതിയുണ്ട്..പക്ഷെ അവന് ഒരിക്കലും കിട്ടുന്നില്ല. ഒരിക്കല്‍ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു ചുവന്ന പൂവ് അവനു വീണു കിട്ടി.അത് കൈലോസില്‍ പൊതിഞ്ഞ് സൂക്ഷിച്ച് കൂട്ടുകാരിയെ അവന്‍ കാണിക്കുന്നുണ്ട്..
       ഒട്ടും പരിചിതമല്ലാത്ത സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ക്വിയാങിന് ആവുന്നില്ല.മറ്റുകുട്ടികളെക്കാള്‍ വൈകിയാണവന്‍ സ്കൂളില്‍ ചേര്‍ന്നിരിക്കുന്നത്..അനാഥത്വമുണ്ടെങ്കിലും സ്കൂളിലെ ജീവിതം വര്‍ണ്ണാഭവും രസകരവും, സമ്പന്നവുമാണ്.ഡിക്കന്‍സിന്റെ ഒലിവര്‍ ടിസ്റ്റ് അനുഭവിച്ച തരം നരക ഇടമല്ല ആ സ്കൂള്‍.കുട്ടികളെ ‘നല്ലവരായി’വളര്‍ത്താന്‍ ‘ശാസ്ത്രീയമായി’ ഒരുക്കിയ ,ക്രിത്യതയുള്ള ദൈനംദിന ചിട്ടകള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും,നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് കുഞ്ഞായ ക്വിയാങിനു എന്തിനെന്നു മനസ്സിലാകുന്നില്ല.മുതിര്‍ന്നവര്‍ക്ക് (മധ്യവര്‍ഗ്ഗ പ്രേക്ഷകന്)ഒരു കുഴപ്പവും തോന്നാത്ത സന്തോഷകരമായ ഒരിടമാണത്. നല്ല ടീച്ചര്‍മാര്‍,പലതരം കളികള്‍,സമൂഹ ജീവിതത്തിന്റെ പാഠങ്ങള്‍,നല്ല ഡോര്‍മിറ്ററികള്‍,നല്ല ഭക്ഷണശീലങ്ങള്‍...ആകെ നോക്കിയാല്‍ ‘ഇങ്ങനെയായിരിക്കണം ഒരു സ്കൂള്‍’ എന്നു തോന്നിപ്പോകുന്ന ഇടം.പക്ഷെ ക്വിയാങ്ങിന് അവിടം ഇഷ്ടമായില്ല.തിളങ്ങുന്ന കണ്ണുകളും,തൂടുത്ത കവിളുകളുമായി,സ്വന്തം രീതികളില്‍ ജീവിക്കുന്ന അവന് അവിടം തനിക്കു ചേരാത്ത സ്ഥലമായാണു തോന്നിയത്.
          പതുക്കെ ക്വിയാങ്ങ് ആ സ്കൂളിലെ റിബല്‍ ആയി മാറുന്നു.അവന്റെ മോശം സ്വാധീനം മറ്റുകുട്ടികളില്‍ ഉണ്ടാകാതിരിക്കാന്‍ അവനെ ടീച്ചര്‍മാര്‍ അവനെ കുട്ടികളുമായി ഇടപെടുന്നത് വിലക്കുന്നു.കൂടുതല്‍ ഒറ്റപ്പെടുന്തോറും അവന്‍ കൂടുതല്‍ അന്തര്‍മുഖനും അക്രമസ്വഭാവമുള്ളവനായും മാറുന്നു.മറ്റുകുട്ടികള്‍ അവനെ കളിക്കാന്‍ കൂടെ കൂട്ടുന്നില്ല.എങ്കിലും പതുക്കെ അവന്റെ ഊര്‍ജ്ജസ്വലതയും ധൈര്യവും കൂട്ടുകാരില്‍ അവനു സ്വാധീനമുണ്ടാക്കുന്നു.നല്ലവരെങ്കിലും അവനിഷ്ടമില്ലാത്ത ലീ എന്ന ടീച്ചര്‍ -‘കുട്ടികളെ പിടിച്ചുതിന്നുന്ന വാലുള്ള ജന്തു’വാണെന്നു ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ അവനു കഴിയുന്നു.ഭയന്ന കുട്ടികളെല്ലാവരും കൂടി രാത്രിയില്‍ അവരെ പിടിച്ചുകെട്ടിയിടാന്‍ തീരുമാനിക്കുന്നു.ഷൂലൈസുകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ കയറുമായി ക്വിയാങ്ങിന്റെ നേത്രുത്വത്തില്‍ ഉടുതുണിപോലുമില്ലാത്ത കുട്ടികളുടെ ഗൂഢസംഘം ഇരുട്ടിലൂടെ ഇഴഞ്ഞ് ടീച്ചറുടെ കട്ടിലിനരികിലെത്തുന്നു.ഉണര്‍ന്ന ടീച്ചര്‍ ഭയന്നു നിലവിളിക്കുന്നതോടെ കുട്ടികളെല്ലം പിന്തിരിഞ്ഞോടുന്നു.
       തന്നെ മറ്റുള്ളവര്‍ അവഗണിക്കുന്നെന്നും.ഒരിക്കലും തനിക്ക് ചുവന്ന പൂക്കള്‍ സമ്മാനമായി കിട്ടില്ലെന്നും മനസ്സിലാക്കിയ ക്വിയാങ്ങിന്റെ പ്രതിഷേധങ്ങള്‍ പുതിയ മാനങ്ങളിലേക്ക് വികസിക്കുന്നു.അനുസരണക്കേട് അവന്റെ സ്വഭാവമാകുന്നു.അവനെ ഏറെ ഇഷ്ടമുള്ള ടീച്ചറെപ്പോലും അവന്‍ തെറി വിളിക്കുന്നു.ശിക്ഷയായി അവനെ മുറിയില്‍ പൂട്ടിയിടുന്നു.പിന്നീടൊരിക്കല്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി ക്വിയാങ്ങ്  ആരും കാണാതെ സ്കൂള്‍ ഗൈറ്റ് കടന്ന് പുറത്തെ സ്വതന്ത്ര ലോകത്തിലേക്കിറങ്ങുന്നു.റോഡിലൂടെ കാഴ്ച്ചകളും ഘോഷയാത്രയും കണ്ട് നടന്ന് തളര്‍ന്ന് ഒരിടത്തിരിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു.
        സമൂഹത്തിന്റെ ‘അരുതായ്മ’കളും,‘നിയമങ്ങളും’, അടിച്ചേല്‍‌പ്പിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ അതിനോട് എങ്ങിനെ പ്രതികരിക്കുമെന്നും അവയുമായി പൊരുത്തപ്പെടാനാകാത്തവരുടെ അസ്വസ്ഥതകള്‍ എങ്ങിനെയൊക്കെ പ്രകടമാക്കപ്പെടുമെന്നും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.പൊതുചിന്താരീതികളില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും ഇതില്‍ കാണാം.
     വളരെ ചെറിയ കുട്ടികളെ മാത്രം ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ഈ സിനിമയില്‍ വളരെ സ്വാഭാവികമായാണ് എല്ലാ കുട്ടികളും ‘അഭിനയി’ച്ചിരിക്കുന്നത്.കുഞ്ഞു ക്വിയാങ്ങായി വേഷമിട്ടിരിക്കുന്ന ഡോങ് ബോവല്‍ അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ക്യാമറ പലപ്പോഴും കുട്ടികളുടെ ഐ ലവലിലാണു സ്ഥാപിച്ചിരിക്കുന്നത്.നിഴലും വെളിച്ചവും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.പശ്ചാത്തല സംഗീതം കുഞ്ഞു മനസ്സുകളുടെ വികാരവും,ഊര്‍ജ്ജസ്വലതയും വെളിവാക്കും വിധമാണ് ചേര്‍ത്തിരിക്കുന്നത്.വളരെ ലളിതമായ ഒരു കഥപറച്ചില്‍ രീതിയിലൂടെ  വളരെ സങ്കീര്‍ണ്ണമായ വ്യക്തി-സ്വത്വ പ്രതിസന്ധികളെ ചര്‍ച്ചചെയ്യുന്ന ഈ സിനിമ 2006ലെ ബെര്‍ലിന്‍ ഫിലീം ഫെസ്റ്റിവലില്‍ CICAE അവാര്‍ഡും ഷാങ്ഹായ് ഫിലീം ക്രിട്ടിക്ക് അവാര്‍ഡും നേടി.
   സ്കൂളില്‍ നിന്നും പുറത്തിറങ്ങി  വിജനമായ ഒരിടത്ത് ഒരു കല്ലില്‍ തലവെച്ചുറങ്ങുന്ന ക്വിയാങിന്റെ ഒരു ഏരിയല്‍ ഷോട്ടുണ്ട് അവസാനം.ആ ദ്രിശ്യം ഏകാന്ത ബാല്യങ്ങളുടെ ഓര്‍മ്മകളെ പ്രേക്ഷക മനസ്സിലേക്ക് ഒരു ശീതകാറ്റായി ഇരച്ച് കയറ്റും തീര്‍ച്ച

3 അഭിപ്രായങ്ങൾ:

ShajiKumar P V പറഞ്ഞു...

എന്നെയും മരുമകന്‍ വാസുവിനേയും ഒരു പോലെ ഇരുത്തിപ്പിച്ച സിനിമ..
നന്നായി....

അജ്ഞാതന്‍ പറഞ്ഞു...

List your Blog for free in Malayalam Blog Directory Powered By Malayalam Songs

Pranavam Ravikumar പറഞ്ഞു...

Good post..!